വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി പേര് മരിക്കുമായിരുന്നുവെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി തന്നോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളില്‍ ഇന്ത്യ-പാക് അടക്കം എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു’’- ട്രംപ് പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് പത്ത് മുതല്‍ നൂറിലേറെ തവണയാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടത്. ആദ്യ തവണകളിൽ ഒരു കോടി ജീവൻ രക്ഷിച്ചെന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിൽ പിന്നീട് അത് 2.5 കോടിയായി. പുതിയ അവകാശവാദത്തിലാണ് 3.5 കോടി ആളുകളെ രക്ഷിച്ചെന്ന് ട്രംപ് പറഞ്ഞത്. യുഎസിന്റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലെത്തി എന്ന കാര്യം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.